Sunday, 27 October 2013





പ്രണയം
പ്രണയം ??? ... അത് ഓരോ ശ്വാസത്തിലും ഓരോ നിമിഷത്തിലും മനസിനെ അറിയാതെ നീറ്റുന്ന... എനിക്ക് നീയും നിനക്ക് ഞാനും എന്ന് ഉറക്കെ വിളിച്ചു പറയുന്ന അനിർവചനീയമായ അനുഭൂതി. നക്ഷത്രങ്ങൾ നിറഞ്ഞ രാത്രിയിൽ ഒരു കുളിർ കാറ്റായി തഴുകി ഉറക്കുന്ന.... കോരിച്ചൊരിയുന്ന മഴയിൽ ഇളം ചൂടായി തലോടുന്ന ആ വികാരം...പലപ്പോഴും പലരെയും മരണത്തിൽ നിന്ന് ജീവിതത്തിലേക്കും, ജീവിതത്തിൽ നിന്ന് മരണത്തിലേക്കും കൈ പിടിച്ചു നടത്തുന്ന ആ വികാരം....ഒരു നനുത്ത തൂവലായി ഹൃദയത്തെ തഴുകുന്ന ആ വികാരം വരച്ചിടാൻ എത്ര കോടി വാക്ക്കള്ക്കുമാകില്ല. സ്ഥായീ ഭാവം ഇല്ലാത്ത ...ഉൾക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതി സ്വയം കൈവരിക്കുന്ന ദ്രാവകം പോലെ ഓരോ മനസുകളിലും ഓരോ രൂപത്തിൽ ഉറഞ്ഞുകൂടിയിരിക്കുന്ന പവിത്രമായ വികാരം.......

Wednesday, 23 October 2013

                                            
                                                    വെയിൽ  

നാം കൈകോർക്കുമ്പോൾ നമ്മളിൽ പതിക്കുന്ന വെയിൽ 
നിന്റെ പ്രണയം പോലെ നനുത്തതു 
ഏകാന്ത പാതയിൽ ചരിഞ്ഞു പതിക്കുന്ന വെയിൽ 
പ്രണയം നശിച്ചവന്റെയ്‌ ഹൃദയനാളം പോലെ 
നഷ്ടങ്ങളുമായി മണ്ണിലേക്ക് നോക്കി അലസമായി നടക്കുമ്പോൾ 
പതിക്കുന്ന വെയിൽ ...സത്യങ്ങൾ പോലെ പൊള്ളുന്നത് 
ആശുപത്രി വരാന്തയിൽ ചിതറി വീഴുന്ന വെയിൽ 
പ്രതീക്ഷഅറ്റ കണ്ണുകളിലെ തിളക്കം പോലെയുള്ളതു
മരണത്തിനും വേർപ്പാടിനും മുകളിൽ വീഴുന്ന വെയിൽ ...
ഒടുവിൽ നിന്റെയും എന്റെയും മുകളിൽ പതിക്കുന്ന അതേ വെയിൽ
സ്വച്ഛമായ തെളിഞ്ഞ വെയിൽ .....  

Wednesday, 19 June 2013

മഴ




നീ കാർമേഘമായി മൂടി നിൽക്കുമ്പോൾനിന്നിൽ നിന്ന് 
പെയ്തിറങ്ങുന്ന  മഴയാകുന്നു ഞാൻ.
നിനക്കായി മാത്രം പെയ്യുന്ന മഴ .. ...
പെയ്തു തീരാത്ത കാലവർഷം പോൽ ...
എന്റെ പ്രണയം, നിന്നിൽ നിന്ന് വേർപ്പെടാതേ..
ഓരോ തുള്ളിയിലും  നിന്നെ തന്നെ നിറച്ചു ..
മണ്ണിൽ വീണു അലിഞ്ഞു വീണ്ടും നിന്നിലെത്താൻ 
തുടിക്കുന്ന ആർദ്രമായ മഴയാകുന്നു....  

Tuesday, 21 May 2013


ശ്വാസം


 പോയവരൊക്കെ തിരികെ വരാത്തവർ
മനസിന്റെ ജാലകം മെല്ലേ അടച്ചവർ ...
നോവിന്റെ മാറാല കാണാതെ പോയവർ
നേരിന് നേരേ മുഖം തിരിച്ചവർ
ഇന്നുകൾ പോലും സത്യമാകാതൊരുലോകത്ത്
നാളെയെ ചൊല്ലി മുറവിളി കൂട്ടുമ്പോൾ .
മുന്നില് തെളിയുന്ന സത്യങ്ങൾ കാണാതെ
എന്തിനോ വേണ്ടി തിരക്ക് കൂട്ടിടുമ്പോൾ
ഈ നിമിഷം മാത്രം സത്യം
 ഈ ശ്വാസം മാത്രം സത്യം

Monday, 6 May 2013





ഇന്ന്  സായന്ധനത്തിൽ  എന്നിലേക്ക്‌  അപ്രതീക്ഷിതമായി പറന്നു വന്ന കുഞ്ഞികിളി. എന്തോ കൌതുകം തോന്നി, ഞാൻ അവളെ എന്റെ കൈ കുംബിളിലാക്കി. രക്ഷപെടാൻ അവൾ ശ്രെമിക്കുന്നില്ലയിരുന്നു.. ഞാൻ അവള്ക്കായി മനോഹരമായ ഒരു കൂട് തീർത്തു.. അവളെ ആ കൂടിനുള്ളിലാക്കി.  പക്ഷേ എന്റെ മനസ് അപ്പോഴേക്കും പിടക്കാൻ തുടങ്ങിയിരുന്നു ...അവൾക്കു കൂട് കാണില്ലേ പ്രിയപ്പെട്ടവർ കാണില്ലേ. അവള്ക്കായി ആരെക്കൊയോ കാത്തിരിക്കുന്നുണ്ടാകുമോ ?????
അവളുടെ   പ്രിയങ്ങളും , അവളുടെ  മനസുമായി കുറേ നേരം ആലോചിച്ചു, പക്ഷേ കൂട് തുറന്നു വിടാൻ മനസു വരുന്നില്ല.  സ്വാർത്ഥതയും സ്നേഹവും വല്ലാതെവീർപ്പുമുട്ടിക്കുന്നു
ഒടുവിൽ സ്നേഹം ജയിച്ചു . ഞാൻ അവളെ കൂട് തുറന്നു വിട്ടു ..അവളുടെതായ ലോകത്തേക്ക് സ്വാതന്ത്ര്യത്തിലേക്ക്  ജീവിതത്തിലേക്ക് ...

Monday, 29 April 2013




പലപ്പോഴും തിരിച്ചറിവുകൾ കിട്ടാൻ
എന്റെ കിടക്കയിൽ എനിക്ക് പനിച്ചു കിടക്കേണ്ടി വന്നു ...
ഓരോ പനിയും എനിക്ക് കൊണ്ടുതന്നത്
ഒരായിരം അറിവുകളാണ്.
അപ്പോഴാണ് നാം ശ്രദ്ധിക്കാത്ത  കരുതലും
കണ്ണുകളെ ഈറനണിയിക്കുന്ന സ്നേഹവും
തിരസ്കാരങ്ങളും ഒഴിവാക്കലുകളും  
എല്ലാം നാം തിരിച്ചറിയുന്നത്.
ആകെ അസ്വസ്ഥമാകുന്ന മനസും ശരീരവും
കൊണ്ട് തരുന്നത് ഒരായിരം വിലപിടിച്ച തിരിച്ചറിവുകളാണ് .      
ജീവിതത്തിന്റെ ഓട്ടത്തിനിടയിൽ
 ഇപ്പോൾ  ഞാൻ എന്നും പനി വരാൻ കാത്തിരിക്കുന്നു.

Wednesday, 24 April 2013





ഒരു നനുത്ത പ്രഭാതത്തിൽ ............
സൂര്യ കിരണങ്ങൾ ഒളിഞ്ഞു നോക്കുന്ന,
ഇലകൾ മൂടി കിടന്നിരുന്ന ആ വഴിയിലൂടെ
നിന്റെ കൈ കോർത്ത്‌ പിടിച്ചു ഞാൻ നടന്നപ്പോൾ ....
നീ എന്നോട് പറഞ്ഞതെന്തായിരുന്നു???
നാം അവിടെ നിന്നും ഒരു കൊച്ചു തോണിയിലേറി പോയതെങ്ങോട്ടെക്കയിരുന്നു  ???
നിന്റെ കണ്ണുകളിൽ നീ ഒളിപ്പിച്ച പ്രണയം
എന്റെ ജീവിതമായി മാറ്റപ്പെട്ടത് അപ്പോഴായിരുന്നോ???
നിന്റെ പ്രണയം എന്റെ ശ്വാസത്തിൽ
അലിഞ്ഞു ചേർന്ന നേരവും കാലവും
എനിക്ക് ഓർക്കാൻ ആകുന്നില്ല.
ഓർമ്മകൾ അവ്യക്തമാകുന്നു ...പക്ഷേ
നിന്റെ പ്രണയം മാത്രം അന്നും ഇന്നും എന്നും
ഉദയകിരണങ്ങൾ പോലെ തഴുകിയും തലോടിയും ..
എന്നെ ഒരു നിഴലാക്കി മാറ്റുന്നു ...
ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ ഒരു അത്ഭുതം പോലെ !!!!!

Tuesday, 2 April 2013


സമീർ

          ഈ ബസ്‌ എങ്ങോട്ട് ആണോ ,ഞാനും അങ്ങോട്ട്‌ . ഇതായിരുന്നു ഇന്നലെ വരെ സമീറിന്റെ തത്വം. എന്നാൽ ഇന്ന് അതല്ല , തനിക്ക് എങ്ങോട്ട് പോകണോ ? ആ ബസിലെ കയറു. 
പലപ്പോഴും ഓരോ യാത്രയിലും സമീർ ആലോചിട്ടുണ്ട് ശരിക്കും ഒരു ബസ്‌ യാത്രപോലെയല്ലേ എല്ലാ മനുഷ്യരുടെയും ജീവിതം. നമുക്ക് പോകാനുള്ള ലക്ഷ്യത്തിലേക്ക് നാം പോകുന്നു. ഇടയ്ക്കു ആരൊക്കെയോ കയറുന്നു , ഇറങ്ങി പോകുന്നു. പലപ്പോഴും അടുത്തിരിക്കുന്നവർ പോലും അപരിചിതർ, അപ്രതീക്ഷിതമായി ചിലപ്പോഴൊക്കെ കുറച്ചു നേരത്തേക്ക് പരിചിതരേ കണ്ടു മുട്ടുന്നു പിരിയുന്നു. അവർ നമുക്കായി വയ്ക്കുന്ന സംഗീതം നമുക്ക് ആസ്വദിക്കാൻ കഴിയണംഎന്നുമില്ല. പലപ്പോഴും ഇഷ്ടമില്ലാത്ത സംഗീതവും പലരും ആസ്വദിക്കുന്നതായി ഭാവിക്കുന്നു. അല്ലെങ്ങിൽ ചിലര് അസ്വസ്ഥത പ്രകടിപ്പിക്കുന്നു.      

                     ഇങ്ങനെ ഒരു ബസ്‌ യാത്രയിലാണ് ആദ്യമായി അപ്പുനെ കാണുന്നത് . അപ്പു ആ പേര് അവനു യോജിക്കില്ല. അത് തന്നെയാണോ അവന്റെ പേര് അറിയില്ല. എല്ലാരേയും പോലെ അവനുമുണ്ട്‌ കുറേ സങ്കടങ്ങളും സന്തോഷങ്ങളും നിറഞ്ഞ ഒരു ജീവിതം ... കുറേ സ്വപ്‌നങ്ങൾ എല്ലാം.... പക്ഷേ അവൻ പറഞ്ഞ തമാശകളിലും പങ്കു വച്ച സ്നേഹത്തിലും ഒരിക്കലും ഞാൻ കണ്ടില്ല... അവന്റെ മരണത്തോടുള്ള സ്നേഹം ... എന്തിനായിരുന്നു????    
              അവന്റെ കുഴിമാടതിലേ അവസാന പുഷ്പവും  ഉണങ്ങിയ്പ്പോഴും. അവിടെ ആദ്യത്തെ പുൽനാമ്പു മുളച്ചപ്പോഴും ഞാൻ ആലോചനയിൽ ആയിരുന്നു.. എനിക്കൊരിക്കലും അറിയാത്ത കാരണങ്ങൾ  എന്താവാം എന്ന ആലോചന..... എന്റെ ജീവിതം മുഴുവൻ ഇങ്ങനെ കാരണങ്ങൾ അറിയാത്ത സത്യങ്ങൾ കൊണ്ട്   അലങ്കോലപെട്ടിരിക്കുന്നു. 
           ഒരു മരണത്തിനു തന്റെ ജീവിതത്തിൽ എന്ത് പ്രസക്തി??? ഓരോ മരണവും ഓർമിപ്പിക്കുന്നത്‌ ഓരോ ചിത്രങ്ങളാണ്‌ വെള്ളത്തുള്ളികൾ വീണു വികൃതമാക്കപെട്ട ചിത്രങ്ങൾ. ചായങ്ങൾ വ്യകതമല്ലതെ എങ്ങൊട്ടൊകെയൊ ഒലിച്ചു പോയ ചിത്രങ്ങൾ.  സ്ഥലം എത്തി എന്നുതോന്നുന്നു. പറഞ്ഞ അടയാളങ്ങൾ ഒകെ തന്നെ...എന്തിനായിരുന്നു തനിക്ക് പരിചിതനല്ലാത്ത ഒരു താത്കാലിക സഹയാത്രികന് വേണ്ടി ഇങ്ങനൊരു യാത്ര.
                    ജന്മബന്ധങ്ങൾക്കും കർമബന്ധങ്ങൾക്കും അപ്പുറം മനുഷ്യരെ തമ്മിൽ ബന്ധിപ്പിക്കുന്ന എന്തോ ഒന്ന് മാത്രമാണ് തന്നെ ഇന്ന് ഇവിടെ എത്തിച്ചിരിക്കുന്നത് ...അതിനെ പലരും പല പേരുകളിൽ വിളിക്കുന്നു സ്നേഹം , സഹാനുഭൂതി , എന്തൊക്കെയോ തനിക്ക് മനസിലാകാത്ത കുറേ നാമങ്ങൾ. ആരാകും ഈ വികരങ്ങൾക്കൊക്കേ ഓരോ പേരും നല്കി അവയെ വ്യാഖ്യാനിച്ചത് ??   എന്റെ വികാരങ്ങൾ ഒന്നും ഈ വ്യാഖ്യാനത്തിൽ പെടുന്നവ ആകാത്തത് എന്തേ ?വെറുതേ എന്തോ ഒരു തോന്നലിലാണ് അപ്പുന്റെ പ്രിയപെട്ടവരെ കാണാൻ ഇറങ്ങി തിരിച്ചത് .
                      ഒരു മടങ്ങി പോക്കിനായി അടുത്ത ബസും കാത്തു ഈ അപരിചിതമായ വഴിയിൽ നിൽക്കുമ്പോൾ ഒരു കാര്യം വ്യക്തമായി.. എല്ലാവരും മടങ്ങി പോകേണ്ടവർ  തന്നെയാണ് . ആരും കാരണങ്ങൾ ഇല്ലാതെ തിരിച്ചു പോകുന്നില്ല. പുതിയ പുതിയ കാരണങ്ങളും കാര്യങ്ങളും തേടി പോകുന്നു പോകേണ്ട സമയത്ത് തന്നെ....   


Tuesday, 12 March 2013



നിന്റെ പ്രണയ കവിതയിലെ വരികള്‍ക്കിടയിലൂടെ
ഞാന്‍  വായിച്ചെടുത്ത വികാരം,
ഒരു പേരിനാല്‍ പോലും വിശേഷിപ്പിക്കാന്‍
കഴിയാത്ത എന്തോ ഒന്ന് എന്നില്‍ അവശേഷിപ്പിക്കുന്നു  .....

ഒരു നനുത്ത പുലരിയില്‍ നേര്‍ത്ത വെയിലായ് വന്നു

കൊടും വേനലായ്‌ , നീ എന്നെ ചുട്ടു പോള്ളിക്കുമ്പോഴും..
എന്റെ ഉള്ളില്‍ മഴ പെയ്യുകയായിരുന്നു......  

എന്റെ വഴിയിലൂടെ തിരികെ എത്താന്‍ ഞാന്‍ വച്ച -
അടയാളങ്ങള്‍ മഴയില്‍ കുതിര്‍ന്നു പോയ്‌  .
അവ ചിതലരിക്കാന്‍ തുടങ്ങും മുന്‍പ് എനിക്ക് മടങ്ങണം.

സ്നേഹം ബാധ്യത ആകുന്നകാലത്തെകുറിച്ച്    
എനിക്ക് ചിന്തിക്കാന്‍ കഴിയില്ല.
അവസ്ഥകള്‍ മാറും ..അവസ്ഥഅന്തരങ്ങളും .....

ഒന്നും മാറ്റപ്പെടാത്ത ഒരു ലോകത്തേക്ക് പോകും മുന്‍പ്
ചെയ്തു തീര്‍ക്കാന്‍ എന്തൊക്കെയോ ബാക്കിയാവുന്നു ...







Thursday, 28 February 2013




നന്ദി 


സ്വപ്‌നങ്ങള്‍ ജീവിതമായിരുന്ന നാളുകള്‍  
മൃതിയുടെ നിറം തേടി അലഞ്ഞ നാളുകള്‍ 
അങ്ങനെ ....
ഇന്നിലെ ഓര്‍മ്മകള്‍ മാത്രമാകുന്ന ഇന്നലെകളേയും  
ഇനിയും ഓര്‍മ്മകള്‍ ആകാന്‍ വെമ്പുന്ന ഇന്നുകളിലെ 
വേദനകളെയും മറക്കാന്‍ കഴിഞ്ഞാല്‍ ...... 
നാളെകള്‍  സുന്ദരമാകുമോ? 
നിന്റെ ഓര്‍മ്മകള്‍ ഇന്നെനിക്കു വീണു പൊലിയാന്‍  
വെമ്പുന്ന ഈയംപാറ്റകള്‍ മാത്രമാണ് .....
കഥയും ജീവിതവും കൂടി കുഴച്ചു നീ നീട്ടിയ 
 ഓരോ ഉരുളകളിലും ഉപ്പിന്റെ കയ്പ്പായിരുന്നു   
ജനിമൃതിയുടെ മരവിപ്പായിരുന്നു. 

നന്ദി!! സത്യവും മിഥ്യയും തമ്മിലുള്ള
അതിര്‍വരമ്പുകള്‍ എന്നില്‍ നിന്നും മായ്ച്ചു കളഞ്ഞതിന്. 

നന്ദി !! മറവിയില്‍ ജീവിക്കാനും 
ഓര്‍മകളില്‍ മരിക്കാനും എന്നേ പഠിപ്പിച്ചതിനു.
നന്ദി !!!! എങ്കിലും ഇനിയും മരിക്കാത്ത ഓര്‍മകള്‍ക്കും .....................   



Monday, 28 January 2013



     തിരിച്ചറിവുകള്‍                                         

ഇന്നെന്തോ വല്ലാത്ത ഉണര്‍വ് തോന്നി, ഓഫീസില്‍ നിന്ന് വന്നപ്പോള്‍ വല്ലാത്ത ഒരു ഉന്മേഷം! കാര്യവും എനിക്കറിയാം ,വിപിന്റെ കാള്‍ തന്നെ. എനിക്ക് ചിരിക്കണം  ഉറക്കെ ഉറക്കെ. ദൈവമേ ! നീ എല്ലാം മുന്‍കൂട്ടി അറിയുന്നു,ഞാന്‍ ഒഴുക്കിയ കണ്ണീരിനും, അനുഭവിച്ച വേദനക്കും ഒരു അര്‍ത്ഥമുണ്ടായി.ഹും അതോ ഒന്നിനും ഒരു അര്‍ത്ഥവും ഇല്ല എന്ന് ഞാന്‍ ഇന്ന് തിരിച്ചറിഞ്ഞോ?

എന്ത് തന്നെ ആയാലും ഞാന്‍ ഇന്ന് സന്തോഷവാന്‍ ആണ്. ഒന്ന് ഫ്രഷ്‌ ആകണം സുഖമയൊന്നു ഉറങ്ങണം.

എല്ലാ വീക്ക്‌ എന്ട്സും ഞാന്‍ അവളെ വീട്ടില്‍ സുരക്ഷിതയായി കൊണ്ട് വിടുമായിരുന്നു. എന്റെ മനസും സ്നേഹവും അവള്‍ക്കായി നല്‍കി.അതെല്ലാം പോട്ടെ, എന്റെ സാലറിയുടെ മുക്കാലും ഞാന്‍ അവള്‍ക്കു വേണ്ടിയ ചിലവാക്കിയത്. അവളോടൊത്ത്  ഒരു 2 സെക്കന്റ്‌ എങ്കിലും കിട്ടാന്‍ ഞാന്‍ എന്ത് റിസ്ക്‌ എടുത്തിരുന്നു. ഓരോ യാത്രയും ഓരോ നിമിഷവും എനിക്ക് ആത്മാവില്‍ നിര്‍വൃതി ആയിരുന്നെങ്ങില്‍ അവള്‍ക്കു അത് വെറും ഒരു ടൈം പാസ്‌ മാത്രമായിരുന്നു എന്ന് വളരെ വൈകി മാത്രമാണ് ഞാന്‍ അറിഞ്ഞത്. എല്ലാ മാസ  അവസാനങ്ങളിലും കയ്യില്‍ കാശ് കാണില്ല, എത്രയോ കൂട്ടുകാരുടെ കയ്യില്‍ നിന്ന് കടവും വാങ്ങി ഞാന്‍ അവളെ കൊണ്ടുവിട്ടിട്ടുണ്ട്. അന്ന് ഡീസലിനും പെട്രോളിനും ഒന്നും ഇത്രേം വില ഇല്ലാതെ ഇരുന്നത് ഭാഗ്യം, അല്ലെങ്കില്‍ എന്റെ  കുടുംബം എഴുതി വില്‍ക്കേണ്ടി വന്നേനേ!!! 


ഓരോ യാത്രയിലും ഞാന്‍ അവളെ കൂടുതല്‍ അറിയാനാണ് ശ്രെമിച്ചത്, അവളുടെ മനസിനെ അടുത്തറിയാന്‍...... ... .അവള്‍ ഇപ്പോഴും പറയുമായിരുന്നു നമുക്ക് എവിടേ എങ്കിലും പോകാം കറങ്ങാം എന്നൊക്കെ....അപ്പോഴൊക്കെ താനാണ് പറഞ്ഞിരുന്നത് അതൊക്കെ കല്യാണം കഴിഞ്ഞു ആകാം എന്ന്. ഒടുവില്‍ ജോലി റീസൈന്‍ ചെയ്ത ദിവസം അവള്‍ അറുത്തു മുറിച്ചു പറഞ്ഞു. എനിക്ക് ഈ റിലേഷന്‌ഷിപ് തുടരാന്‍ താല്പര്യം ഇല്ല എന്ന്. അന്നത്തെ സായാഹ്ന്നം ഒരിക്കലും മറക്കില്ല. ആകെ തകര്‍ന്നു. ലോകം  തന്നെ കീഴ്മേല്‍ മറിഞ്ഞ പോലെ !!

സുഹൃത്തുകള്‍ മാത്രമായിരുന്നു അന്ന് ഒരു ആശ്വാസം. അല്ലെങ്കിലും ഈ ഭൂമിയില്‍ ഇപ്പോഴും അന്യം നിന്ന് പോകാത്ത ഒരു നന്മയാണല്ലോ "സൌഹൃദം" . അപ്പോഴും അവള്‍ മനസില്‍ ദേവതയായിരുന്നു. സ്വയം ശപിച്ചും  പഴിച്ചും നാളുകള്‍......... ... ......

പിന്നെ എനിക്ക് ശേഷം അവള്‍ പലരെയും തിരഞ്ഞെടുത്തു എന്ന് അറിഞ്ഞപ്പോഴും ഒരു വിശ്വാസകുറവുണ്ടായിരുന്നു . ഇന്ന് വിപിന്‍ വിളിക്കുന്നത്‌ വരെ. വിപിന്റെ ഡയലോഗ് ഓര്‍ക്കുമ്പോള്‍ ചിരിപൊട്ടുന്നു.. അളിയാ നിന്റെ എക്സ് ഉണ്ടല്ലോ അവളുടെ നീ കഴിഞ്ഞുള്ള 6 മത്തെ ലൈനും പൊട്ടി , ഡാ നിര്‍ഭാഗ്യവശാല്‍ അവനും എന്റെ ഫ്രണ്ട് ആണെടാ. പക്ഷേ ഇനി എന്റെ ഒരു ഫ്രണ്ട്സിനെയും ഞാന്‍ അവള്‍ക്കു വിട്ടു കൊടുക്കില്ലെടാ !!!

ദൈവമേ നിനക്ക് നന്ദി ..നീ തന്നാ തിരിച്ചറിവിന് . ഞാന്‍ ഒന്ന് തീരുമാനിച്ചു, ഇനിയെങ്ങിലും ഞാന്‍ കണ്ണും കാതും തുറന്നേ ജീവിക്കു...ഇപ്പൊ ആകെ ശാന്തതയാണ്...ഒരു പുഴപോലെ....   


Monday, 21 January 2013

           








                                 

                               നിനവുകള്‍


നിന്നെയും ഓര്‍ത്തു നേര്‍ത്ത നിലവിന്റെ തലോടലിലിരുന്നു
 എത്ര നക്ഷത്രങ്ങളേ ഞാന്‍ എണ്ണി തീര്‍ത്തു.... 
നിന്നോടുള്ള പ്രണയം ഒരു മരിചികയായി ഉള്ളില്‍ ഉണരുമ്പോഴും 
പ്രണയമെന്നു ആരോ പേരിട്ട ഒരു വികാരം വേദനയായി ഉള്ളില്‍ 
വീണ്ടും വീണ്ടും മുറിവ്എല്പ്പിക്കുമ്പോഴും .....
നിന്നിലൂടേ മാത്രമേ എനിക്കൊരു പൂര്‍ണത ഉള്ളു എന്ന്
മനസിലാക്കിയതിനാല്‍ ആയിരുന്നോ എന്നറിയില്ല .....
എന്റെ വേദനകള്‍ക്കെല്ലാം മഴവില്ലിന്റെയ് നിറവും ......
നേര്‍ത്ത കുളിര്‍ കാറ്റിന്റെ സുഖവുമായിരുന്നു
പ്രണയം ചിലപ്പോഴൊക്കെ വിരസമാണ് ..
ചിലപ്പോഴൊക്കെ മനോഹരവും ...
അത് പലപ്പോഴും സ്വന്തമക്കലിലും നഷ്ടപ്പെടലിലും
ഒതുങ്ങി ചുരുങ്ങി പോകുന്നത് പോലെ...
നീ പറഞ്ഞ വാക്കുകള്‍ക്ക് അപ്പുറം ..
നിന്റെ ഹൃദയത്തില്‍ നീ പറയാതെ ബാക്കി വച്ച
ഓരോ വരികള്‍ക്കും ഞാന്‍ അര്‍ത്ഥം തേടിയപ്പോഴും
നിന്റെ കത്തുന്ന നോട്ടങ്ങളില്‍ എന്റെ പ്രണയം 
എനിക്ക് ആര്‍ദ്രമായ രാവുകളില്‍ എന്റെ തലയണകളെ
നനവിനാല്‍ നിറക്കാന്‍ മാത്രമാകുന്ന
ഏതോ ഒരു വികാരം മാത്രമാകുന്നു......

Thursday, 17 January 2013



ഇനി വരാത്ത ഓര്‍മ്മകള്‍ 


ഞാന്‍ വീണ്ടും എന്തിനു ഇങ്ങോട്ടേക്കു തന്നേയ് വന്നു. ഒരൂഹവും ഇല്ലാത്ത യാത്രയായിരുന്ന്നു..ഒരു പക്ഷേ ഇത് ഉപബോധ മനസ് ആഗ്രഹിച്ചിട്ടു ഉണ്ടാകാം. അല്ലെങ്കില്‍ ഒരു ഉദ്ദേശവും ഇല്ലാതെ വീണ്ടും ഇങ്ങോട്ടേക്കു തന്നെ  വരില്ലല്ലോ. എന്റെ മനസിനെ തന്നെ എനിക്ക് ബോധ്യപ്പെടുത്തണം. എന്നെ  പ്രതീക്ഷിച്ചു ആരും ഒന്നും ഇവിടെ ബാക്കി ഇല്ല എന്ന്... 
              എത്ര നാളുകള്‍ക്കു ശേഷം ആണ് ഞാനിന്നു തൊടിയിലേക്ക്‌ ഒന്ന്ഇറങ്ങുന്നത്.ഏതൊക്കെയോ കിളികളുടെ ശബ്ദം. ഹം എനിക്ക് വേര്‍തിരിച്ചു അറിയാന്‍ ആകുന്നുണ്ട് .കുയില്‍, കാക്ക, ഒലെഞാലി എല്ലാം . എനിക്കിപ്പോള്‍ നഗര ജീവിതത്തില്‍ നഷ്ടം ആയിക്കൊണ്ടിരിക്കുന്നത്  ഈ പ്രകൃതിയും ഓര്‍മകളും ഒക്കെയാണ് . ബാല്യത്തില്‍ എന്നും ഉറക്കമുണരുന്നത് ഈ കിളികളുടെ ബഹളം കേട്ടുകൊണ്ടായിരുന്നു. അന്ന് സ്ഥിരം സന്ദര്‍ശകരായ കിളികളെഒക്കെ അറിയാമായിരുന്നു. മരകൊമ്പുകളില്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലക്ക്  പറന്നു നടക്കുന്ന അവയുടെ ജീവിതത്തെ കുറിച്ച് എത്ര മാത്രം ഞാന്‍ ആലോചിച്ചിട്ടുണ്ട് . മഞ്ചാടി മരത്തിന്റെയും വട്ടയുടെയും  പിന്നേ പേരറിയാത്ത എതു    ഓക്കേയോ മരത്തിന്റെയും  കൊമ്പുകളില്‍ ചേക്കേറാന്‍ വരുന്ന കിളികളെ നോക്കി എത്രയോ പ്രാവശ്യം കൊതിച്ചിട്ടുണ്ട് ..അവയെ പോലെ പറക്കാന്‍ ..മഴയില്‍ ഇലയുടെ താഴെ ഒതുങ്ങി ഇരിക്കാന്‍.. വൈകുന്നേരങ്ങളില്‍ ഒരുപാടു ബഹളമുണ്ടാക്കി ഇങ്ങനെ മരങ്ങളില്‍ ചേക്കേറാന്‍ .... അങ്ങനെ എന്ത് എന്ത്  സംശയങ്ങളും ചിന്തകളും ആയിരുന്നു കുട്ടിക്കാലത്ത് ... ഇപ്പോഴും ചിന്തകള്‍ക്ക് ഒരു കുറവുമില്ല.  ഓര്‍മകളില്‍ കിളികളും കുട്ടിക്കാലവും മാത്രമല്ല ബന്ധങ്ങളും  ഇന്നൊരു വേദനയാണ് . എവിടെയാണ് തെറ്റിയത് ...എവിടെയാണ് ശരി ഒന്നുമറിയില്ല. ഞാന്‍ പണ്ടും മറ്റു കുട്ടികളേ പോലെ ആയിരുന്നില്ലല്ലോ.ആരുടേയും ഇഷ്ടങ്ങള്‍ ആയിരുന്നില്ല എന്റേത് .എനിക്ക് മാത്രമായ കുറേ വേറിട്ട ഇഷ്ടങ്ങള്‍ ഇഷ്ടക്കേടുകള്‍. എന്റെ ഇഷ്ടങ്ങളുടെ  മുന്നില്‍ പലപ്പോഴും എന്റെ പ്രിയപ്പെട്ടവരുടെ മുഖം ചുളുങ്ങുന്നതും, അത്ഭുതം കൊണ്ടും  നിറയുന്നതും എത്രയോ തവണ കണ്ടിരിക്കുന്നു.വലുതായപ്പോള്‍പിന്നെ അതൊക്കെ വല്ലാതെ ആസ്വദിച്ചിരുന്നു. വേണ്ടാതവയ്ക്ക് ജീവിതത്തില്‍ പ്രാധാന്യം കൊടുക്കുന്നത് നിര്‍ത്തിയപ്പോള്‍  ആകെ ഒരു സ്വച്ഛത...
              കൂടുകൂട്ടുന്ന ഓര്‍മ്മകള്‍ക്കൊപ്പം  തൊടിയിലൂടെ പതിയെ നടന്നു. ഒരുപാടു മാറിയിരിക്കുന്നു .എന്നെ പോലെ തന്നെ പ്രകൃതിയും.എല്ലാം അപരിചിതം..നാം വഴിയരികില്‍ വഴികളില്‍ കണ്ടു മുട്ടി കടന്നുപോകുന്ന മനുഷ്യരേ പോലെ എല്ലാം അപരിചിതം ...  ഓര്‍മകളുടെ ചീളുകളില്‍ ബാക്കി ആകുന്നവയ്കൊന്നും ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളോട് ഒരു ബന്ധവുമില്ലാത്ത പോലെ തോന്നുന്നു. എല്ലാം കൊണ്ടും നന്നായി..അല്ലെങ്കില്‍ എന്തിനു ഇങ്ങനെ കുറേ ഓര്‍മ്മകള്‍ ...
                         പുഞ്ചപ്പാടം  തലോടി വന്ന തണുത്ത കാറ്റ് എന്നെ തഴുകി കടന്നു പോയി. എന്റെ താമരകുളവും കാണാനില്ല. പണ്ട് എന്ത് താമര പൂക്കളാണ്  അതില്‍ നിന്നും പൊട്ടിച്ച്എടുത്തിരുന്നത്.ഇനി വയ്യ പോകുന്തോറും ഓര്‍മകള്‍ക്ക് മൂര്‍ച്ച കൂടും ഹൃദയം വല്ലാതെ മുറിപ്പെടും...തിരിച്ചു പോകണം എത്രയും വേഗം. എന്റെ നഗരം തന്നെയാണ് നല്ലത് അവിടെ  എന്നേ ഇടയ്ക്കിടയ്ക്ക് മുട്ടിവിളിക്കാനും  മുറിവേല്‍പ്പിക്കാനുമുളള  പ്രകൃതി ഇല്ല. ഓര്‍മകള്‍ക്ക് കടന്നു വരാനുള്ള സന്ദര്‍ഭങ്ങളും ഇല്ല. ഇനി ഒരു മടങ്ങി വരവുണ്ടാകില്ല. അല്ലെങ്കിലും ഇനി എനിക്കായോന്നും ഇവിടെ ബാക്കി ഇല്ല. അതേ ഞാന്‍ തിരികെ പോകുകയാണ് ..സന്തോഷത്തോടെ ഇനി ഒരിക്കലും ഇവയ്ക്കൊന്നും എന്നേ കുത്തി നോവിക്കാനാവില്ലല്ലോഎന്നാ സന്തോഷത്തോടെ.എല്ലാ ഓര്‍മകളെയും കുഴിച്ചു മൂടിക്കൊണ്ട് .....   

Tuesday, 1 January 2013


നിനക്ക് ...

എന്റെ ജാലകത്തില്‍ മഞ്ഞുകണങ്ങള്‍ പറ്റിപ്പിടിച്ചിരുന്നു.... പുറത്തു നിര്‍ത്താതെ പെയ്തുകൊണ്ടിരിക്കുന്ന മഞ്ഞു... ദൂരെ മരങ്ങളില്‍ പെയ്തിരുന്ന മഞ്ഞിന് എല്ലയിപ്പോഴതെയ്ക്കളും ഭംഗി കൂടുതല്‍ ..എന്റെ മനസ്സില്‍ ഉറഞ്ഞിരുന്ന മഞ്ഞും ഉരുകിയിരിക്കുന്നു... എന്തിനു? പലപ്പോഴും ജീവിതം അപരിചിതമായ വഴികളില്‍ കൊണ്ടുച്ചെന്ന് ആകെ പരിഭ്രമിപ്പിച്ചു തിരികെ കൊണ്ടുവരും. ഓരോ തിരിച്ചുവരവിലും കൂടെ കിട്ടുന്നത് ഒരായിരം തിരിച്ചറിവുകളാണ് . 
  അങ്ങനെ ഓരോ തിരിച്ചറിവുകളിലൂടെയും മഞ്ഞുപോലെ ഉരുകുന്ന ജീവിതം... എത്രയോ വര്‍ഷങ്ങളായി നമ്മള്‍ തമ്മില്‍ സംസാരിച്ചിട്ടു?? എന്റെ സൌഹൃദത്തിനു എന്റെ ഹൃദയത്തില്‍ നീ കരുതിയതിലും കൂടുതല്‍ ആഴം ഉണ്ടായിരുന്നു.. അര്‍ഥം ഉണ്ടായിരുന്നു.... പക്ഷേ ഒരിക്കലും നീ അത് ചികഞ്ഞു നോക്കിയിട്ടില്ല എന്നെനിക്കറിയാം.... പക്ഷേ കൂടുകാരി നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു...അല്ലാ ഇന്നും സ്നേഹിക്കുന്നു... നീ വിചാരിക്കുന്നതിലും ആഴത്തില്‍.... ഹേ ഞാന്‍ എന്ത് വിഡ്ഢിയാണ് ??? നീ എന്നേ കുറിച്ച് ഒന്നും വിചാരിക്കാറില്ലല്ലോ ?? എന്നെങ്കിലും നിന്റെ ഓര്‍മകളില്‍ ഞാന്‍ അറിയാതെ എങ്കിലും വന്നെങ്കില്‍ നീ എന്നേ എന്നെ തിരിച്ചു സ്നേഹിച്ചേനെ... ഒന്ന് ചോദിച്ചോട്ടേ ... നമ്മള്‍ ഒരുമിച്ചു ചിലവഴിച്ച  സായന്തനങ്ങളും...ഒരുമിച്ചു നടന്ന വഴികളും.. ഒരുമിച്ചു പങ്കിട്ട ഭക്ഷണവും ...നമ്മുടെ നഷ്ടകൌമരവും ....ഒന്നും ഒന്നും നിന്റെ ഓര്‍മകളില്‍ ബാക്കി ഇല്ലേ ??? ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും അവയൊന്നും നിന്നെ ഒരു തരിമ്പും വേദനിപ്പിചിട്ടില്ലേ???
  പുറത്തെ മഞ്ഞും നിലച്ചിരിക്കുന്നു.. മരങ്ങള്‍ പെയ്തു തുടങ്ങിയിരിക്കുന്നു ....ഓര്‍മ്മകള്‍ എങ്ങൊട്ടെക്കെയൊ അലയുന്നു.. കാടുകയറുന്നു ..പലപ്പോഴും മനസിനെ അലയാന്‍ വിടരുതെന്ന് വിചാരിക്കുന്ന വഴിയിലൂടെ വീണ്ടും മനസ് ..... അല്ലെങ്ങില്‍ എന്ത് ബാക്കി ??? ജീവിതവും പുറത്തെ മഞ്ഞുപോലെ പലപ്പോഴും പേയ്തും തോര്‍ന്നും   അങ്ങനെ .........